മാതാപിതാക്കളും, മക്കളുമായുള്ള ബന്ധത്തിന് ആഴം കൂട്ടാം...
കുടുംബത്തിൽ നിലനിൽക്കുന്ന സ്നേഹ-സൗഹൃദാന്തരീക്ഷം എപ്പോഴും വളർന്നു വരുന്ന മക്കളുടെ വ്യക്തിത്വത്തിൽ പ്രതിഫലിച്ചു കാണാം. കുട്ടികളുടെ മാനസികവും, വൈകാരികവുമായ ഭാവിജീവിതത്തിന് അടിത്തറ പാകേണ്ടത് മാതാപിതാക്കളുടെ മനോഭാവം തന്നെയാണ് എന്ന കാര്യത്തിൽ സംശയമേതുമില്ല.
പന്ത്രണ്ടു വയസ്സുകാരൻ അഭിനവിനേയും കൊണ്ട് മാതാപിതാക്കൾ വന്നത് വേറിട്ടൊരു പ്രശ്നവുമായിട്ടാണ്. അവൻ ഇടയ്ക്കിടെ കൈകൾ മുറിപ്പെടുത്തുന്നു. സ്വയം ചെയ്യുന്ന ഈ വേദനിപ്പിക്കൽ എന്തിനാണെന്ന് അവനെ മാറ്റിയിരുത്തി പലതവണ ചോദിച്ചിട്ടും അവൻ മൗനിയായിരുന്നു. പിന്നീട്, മാതാപിതാക്കളെ വേറിട്ട് ഇരുത്തിക്കൊണ്ട് അവരോട് കുടുംബാന്തരീക്ഷത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വീട്ടിൽ സാധാരണ വഴക്കുകൾ ഉണ്ടാകാറുണ്ട്. അവ രൂക്ഷമാവുകയും, വീട്ടിലെ ഉപകരണങ്ങൾ വരെ കേടു വരുത്തുന്ന രീതിയിൽ വഴക്ക് നീളാറുണ്ട്. പക്ഷെ, വളരെ വേഗത്തിൽ തന്നെ വഴക്ക് പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. അച്ഛനുമമ്മയും വിവാഹമോചിതരാകുമോ എന്ന അഭിനവിൻറെ ഇടയ്ക്കിടെയുള്ള ചോദ്യങ്ങൾ അവർ ചിരിച്ചു തള്ളാറുണ്ട്. അച്ഛനമ്മമാരുടെ വഴക്കുകൾ രൂക്ഷമാവുന്നതു കാണുമ്പോൾ അഭിനവിന് അവൻറെ സുഹൃത്തുക്കളിൽ ഒന്നുരണ്ടു പേരുടെ വിവാഹമോചിതരായ മാതാപിതാക്കളുടെ കാര്യങ്ങളും,അവ സുഹൃത്തുക്കളെ എപ്രകാരം ബാധിക്കുന്നു എന്ന ഭീതിയും അലട്ടുന്നുണ്ടായിരുന്നു. അതാണ് അവൻ സ്വയം മുറിപ്പെടുത്തി നിശബ്ദമായി വേദന സഹിച്ചിരുന്നത്. വഴക്കുകൾക്കിടയിൽ സൗഹൃദത്തിനും, സ്നേഹം പങ്കിടലിനും, ശരിയായ ആശയവിനിമയത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നതാണ് ഈ സംഭവത്തിൽനിന്നും വ്യക്തമാകുന്നത്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള
ഊഷ്മളത കാത്തു സൂക്ഷിക്കുക
മക്കളെ എപ്പോഴും ലക്ഷ്യബോധവും, സാമൂഹികബോധവുമുള്ള
നല്ല വ്യക്തികളാക്കി വളർത്തുമ്പോൾ മാതാപിതാക്കൾ സത്യത്തിൽ സമൂഹത്തിനുതന്നെ മികച്ചൊരു
സംഭാവനയാണ് നൽകുന്നത്. അതിനായി അവരുമായുള്ള ബന്ധം ഏറ്റവും മികച്ചതാവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
പരസ്പരധാരണ വളർത്തിയെടുത്തുകൊണ്ടുള്ള ആശയവിനിമയം ഇതിൽ ഏറ്റവും മുഖ്യമാണ്. എന്തുമേതും
കുട്ടികൾക്ക് നിങ്ങളോട് പങ്കുവെയ്ക്കാനാകണം. എങ്കിലേ ഒരു പ്രശ്നം, അല്ലെങ്കിൽ ആശയക്കുഴപ്പം
കുട്ടിയ്ക്ക് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് അവരെ ശരിയായ രീതിയിൽ നയിക്കാനാകൂ. ആശയവിനിമയം
തന്നെ ഏറ്റവും സുന്ദരമാക്കണം. കുട്ടിയുടെ കണ്ണുകളിൽ സ്നേഹപൂർവ്വം നോക്കികൊണ്ട് സംസാരിക്കുന്ന
മാതാപിതാക്കളുടെ ഊഷ്മളസ്നേഹം അവരുടെ മനസ്സിലേക്കാണ് നേരിട്ട് ചെന്നെത്തുന്നത്. അതുപോലെ,
അവരുമൊന്നിച്ചു ആഹാരം കഴിക്കുക, എത്ര തിരക്കിനിടയിലും അവർക്കായി വേണ്ടത്ര സമയം കണ്ടെത്തുക,
അവരുമായി ചെറുകളികളിൽ ഏർപ്പെടുക, ഒഴിവുവേളകളിൽ അവരെയും കൂട്ടി പുറത്തു പോവുക - ഇങ്ങനെ ഒട്ടേറെ മാർഗ്ഗങ്ങളിലൂടെ
നല്ല രക്ഷാകർത്താക്കളാകാം.
കുട്ടികളുടെ സ്വാതന്ത്ര്യത്തിന് അതിരുകൾ
വെയ്ക്കാം
കുട്ടികളെ കൂട്ടിലടച്ച പോലെ വളർത്തുന്നതും,
എന്തിനുമേതിനും മാതാപിതാക്കൾ അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും കുട്ടികളിൽ
അസ്വസ്ഥത പടർത്താം. അവരുടെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നത് വേണ്ടതുതന്നെയാണ്. അതുപോലെ,
ഒരു പരിധിയ്ക്കപ്പുറം അവർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. എന്നാൽ,
അവർ അതിൽ നീരസം അല്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്
എന്നത് ഉദാഹരണസഹിതം പറഞ്ഞു മനസ്സിലാക്കണം. പുറംലോകത്ത് നിലനിൽക്കുന്ന ചീത്തവശങ്ങളെ
കുറിച്ചുകൂടി അവർ അറിഞ്ഞാലേ നിങ്ങൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ആവശ്യകത അവർക്ക്
മനസ്സിലാകൂ. ഇക്കാര്യത്തിൽ അവരോട് കോപാകുലരാകാതെ, വിവേകത്തോടെ, സമചിത്തതയോടെ കാര്യങ്ങൾ
പറഞ്ഞു മനസ്സിലാക്കുക.
മക്കളുടെ സൗഹൃദങ്ങൾ
കുട്ടികളുടെ സുഹൃത്തുക്കൾ, അവരുടെ പശ്ചാത്തലം
എന്നിവ ഉറപ്പായും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം, മാതാപിതാക്കൾ കഴിഞ്ഞാൽ
മക്കളുടെ മേൽ സ്വാധീനം ചെലുത്തുന്നത് സുഹൃത്തുക്കളാണ്.
അവരുടെ ചിന്തകളും, പ്രവൃത്തികളുമെല്ലാം മക്കളും പലപ്പോഴും പിന്തുടർന്നെന്നു വരും. അവ
നല്ലതല്ലെങ്കിൽ മക്കളുടെ ഭാവി തന്നെ താറുമാറായെന്നു വരാം. നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കാൻ
മക്കളെ മാതാപിതാക്കൾക്ക് തന്നെ സഹായിക്കാം.
മക്കളുടെ മാനസിക-ശാരീരിക-സാമൂഹിക-പഠന
കാര്യങ്ങളിലെല്ലാം മാതാപിതാക്കൾക്ക് പലവിധ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. ഇതിനെല്ലാം ശരിയായ
പരിഹാരമാർഗ്ഗങ്ങളുണ്ട്. അവ ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ ഞങ്ങൾ, കൺസൊലേസ് കൗൺസലിംഗ്
സർവീസസ് നിങ്ങൾക്കായി സുസജ്ജമാണ്. നേരിട്ടോ ഓൺലൈനിലൂടെയോ ഞങ്ങളുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
